അഭിലാഷം

അകലെനിന്നു കാണുവാൻ ഏറെ ഭംഗിയാണ് വാനോളം മുട്ടിനിൽക്കുന്ന, മഞ്ഞിൻ പുടവയുടുത്ത്‌ അരുണസിന്ദൂരം ചാർത്തി അണിഞ്ഞൊരുങ്ങി നിൽക്കുന്ന മലനിരകളെ കാണാൻ. അറിയാതെയെങ്കിലും ഒന്ന്‌ കൊതിച്ചുപോകും അതിന്റെ ഭംഗി ആസ്വദിക്കുവാൻ അതിന് മുകളിലേക്കൊന്ന് എത്തിച്ചേരാൻ, അവിടെനിന്നും ചുറ്റും ഒന്നു നോക്കാൻ, കാർകൂന്തലിൽ ചൂടിയ മുല്ലപ്പൂപോലെ ഒഴുകുന്ന പുഴയുടെ അനന്തതയിലേക്ക്  കണ്ണൊന്നോടിച്ചുചെല്ലാൻ, ആ ഉയരങ്ങളിൽ നിന്നു കൊണ്ട് ആകാശത്തിന്റെ നെറുകയിൽ ഒന്ന് ചുംബിക്കാൻ, കാണാത്ത മനോഹരമായ  കാഴ്ചകൾ കാണാൻ, ആ മൂടൽ മഞ്ഞിന്റെ മനോഹാരിതയിൽ ഒന്ന് ലയിച്ചു ചേരാൻ.

വാനോളം മുട്ടിനിൽക്കുന മലകളെന്നപോലെ അത്രെയും ഉയരത്തിലാവും നമ്മുടെ ചില തീക്ഷ്ണമായ അഭിലാഷങ്ങൾ, സ്വപ്‌നങ്ങൾ. ആ ഉയരങ്ങളിലെക്കൊന്ന് എത്തിചേരാൻ കഠിനമായ പരിശ്രമവും ആത്മവിശ്വാസവും ഏറെ അത്യന്താപേക്ഷിതമാണ്. ആ മല കയറുന്നതിന് മുൻപ് അടിവാരത്തുനിന്നും മലദൈവങ്ങളെ വണങ്ങുന്ന ഒരു പതിവുണ്ട്. ആ ശക്തിയിലുഉള്ള സ്‌മൃതിയാണ് മുന്നിലെ പ്രതിബന്ധങ്ങളെ നേരിടുവാനുള്ള ആത്മബലം നൽകുന്നത്.

ഓരോ ചുവടും കയറി കാഠിന്യം കൂടുംതോറും ഓരോ ശിലകളും പീഠടങ്ങളായും ഓരോ കല്പടവുകളും, വള്ളികളും, മരക്കൊമ്പുകളും തുണയായും താങ്ങി നിർത്തും. ഉള്ളിൽ അണയാതെ കിടക്കുന്ന തീ ജ്വാല വിജയത്തിലേക്കുള്ള വഴികാട്ടിയായി മാറും. ആത്മവിശ്വാസമാകുന്ന ദീപത്തെ സ്വയം ഊതി കെടുത്തുമ്പോൾ മാത്രമേ നമ്മളെ തോൽപ്പിക്കുവാനാകൂ.

മുന്നോട്ടുള്ള വഴികൾ ഓരോന്നായി അടയുമ്പോൾ, പ്രതിബന്ധങ്ങളെ തരണം ചെയ്യുവാനുള്ള ആയുധങ്ങൾ  നഷ്ടപെടുമ്പോൾ, തോൽവിയുടെ മുന്നിൽ മുട്ടുമടക്കാതെ ഉള്ളിലെ ആത്മവിശ്വാസത്തോടെ പൊരുതി വിജയം കൈവരിക്കുമ്പോൾ അസാധ്യമാണെന്ന് കരുതിയത് സാധ്യമാവുമ്പോൾ ഉറക്കെ പറയുവാറുള്ള, കേൾക്കാറുള്ള ഒരു വാചകമാണ് "Nothing Is Impossible". അത്‌ പ്രകീർത്തനം ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നത് പ്രതീക്ഷയുടെ പ്രത്യാശ മങ്ങിയിട്ടും പ്രഗാഢമായ പ്രയത്നത്തിലൂടെ അത്‌ നേടിയെടുക്കുമ്പോളുള്ള പ്രചോദനമാണ്.

പ്രതിസന്ധി ഘട്ടങ്ങളിൽ തുണയായി ശിലകളായും, പീഠടങ്ങളായും, കല്പടവുകളും, വള്ളികളും, മരക്കൊമ്പുകളും ആയി എത്തുന്നവർ നമ്മുടെ സുഹൃത്തുക്കളാവാം, ബന്ധുക്കളാവാം, അപരിചിതരാവാം ആരായാലും പടവുകൾ താണ്ടി ഉയരങ്ങളിൽ എത്തുമ്പോൾ അവരെയൊന്നും മറന്നുപോവരുത്.

Adithya Bhaskar

02-07-2021




No comments