മന്ത്രം

നമ്മുടെ വിശ്വാസവും ആ വിശ്വാസം കൊണ്ടുള്ള അനുഭവങ്ങളും ആണ് നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നത്. മന്ത്രങ്ങൾ എന്നത് കേവലം ഒരു വിശ്വാസത്തിന്റെ ഭാഗമല്ല. അതൊരു മനഃശാസ്ത്രമാണ്. "മനനാത് ത്രായതേ ഇതി മന്ത്ര" മനനം ചെയ്യുന്നവനെ രക്ഷിക്കുന്നതാണ് മന്ത്രം എന്നാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്. മ മനസിനെയും ത്ര രക്ഷയെയും സൂചിപ്പിക്കുന്നു. മനസ്സിനെ ഏകാഗ്രമാക്കി മന്ത്രം മനനം ചെയ്യുമ്പോൾ അതാത് മന്ത്രവുമായി ബന്ധപ്പെട്ട ഒരു ശക്തി നമ്മളിൽ ഉണരുന്നു, മനസ്സിന്റെ ഏകാഗ്രതയാണ് അതിന്റെ മൂല കാരണം അങ്ങനെ സാധനചെയ്യുമ്പോൾ ഒരു തേജസ്സ് നമ്മളിൽ പ്രകടമാകുന്നു. (1)

ഒരു ഉദാഹരണ സഹിതം വിവരിക്കാം, ഒരു കൊട്ടാരത്തിനകത്ത് പ്രവേശിക്കുവാൻ നിരവധി വാതിലുകൾ ഉണ്ടാവും, ഏതെങ്കിലും ഒരു വാതിലിലൂടെ നമ്മൾ അതിനകത്തു പ്രവേശിച്ചു കഴിഞ്ഞാൽ, ആ കൊട്ടാരത്തിനകത്ത് സവിശേഷമായ നിരവധി നിലവറകളും, മുറികളും, രത്നങ്ങളും, നിധികളും, മനസ്സിനെ ഭ്രമിപ്പിക്കുന്ന പലതും അതിനകത്തു കാണുവാൻ സാധിക്കും. നമ്മൾ എവിടെ നിന്ന്‌ വന്നു, എവിടേക്ക് പോണം എന്ന കൃത്യമായ ധാരണ ഇല്ലാതെ നമ്മൾ അതിൽ കിടന്ന് കറങ്ങും. അർഹത ഇല്ലാതെ എവിടേലും പ്രവേശിച്ചു കഴിഞ്ഞാൽ അതിന് തക്കതായ ശിക്ഷയും ലഭിക്കും. അതല്ല നേരായ വഴിയിലൂടെ പൂമുഖത്തുകൂടി ഒരു വഴികാട്ടിയുടെ കൂടെയാണ് ആ കൊട്ടാരത്തിനകത്ത് പ്രവേശിക്കുന്നതെങ്കിൽ, അതിനകത്തുള്ള എല്ലാം ആസ്വദിച്ചുകൊണ്ട് അവസാനം രാജാവിനെയും രാജ്ഞിയെയും കാണുവാൻ സാധിക്കും. (2)

ഇവിടെ വഴികാട്ടി എന്നത് ഒരു ഗുരുവാണ്, ഗുരുമുഖത്തുനിന്ന് ലഭിക്കുന്ന മന്ത്രമാകുന്ന താക്കോൽ കൊണ്ട് പൂമുഖത്തുകൂടി ഗുരുവിന്റ നിർദ്ദേശങ്ങള്‍ക്ക് അനുസൃതമായി ആ കൊട്ടാരത്തിനകത്തു പ്രവേശിക്കുകയാണെങ്കിൽ ഓരോ പടികളും കടന്ന്, പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവശംഭോ എന്ന പ്രസിദ്ധമായ വരികൾ പോലെ നമ്മൾ എത്തേണ്ട സ്ഥാനത്ത് എത്തിച്ചേരും. അതിലെ ഓരോ പടിയും കടന്നു നീങ്ങുന്നതനുസാരിച്ച്  നമ്മളിൽ ഓരോ സിദ്ധികൾ പ്രകടമാവും ചിലർ ആ സിദ്ധികളെ മറ്റുള്ളവർക്ക് പ്രകടമാക്കികൊണ്ട് അതിൽ കുടുങ്ങികിടക്കും. അവരെയാണ് നമ്മൾ തെറ്റായ ഒരു പദ പ്രയോഗം കൊണ്ട് 'ആൾദൈവം' എന്ന് വിശേഷിപ്പിക്കുന്നത്. മനുഷ്യനിൽ നിന്നും ഈശ്വ ചൈതന്യത്തിലേക്കുള്ള പ്രയാണം ആണ്. തത്ത്വമസി, അഹം ബ്രഹ്മാസ്മി, അയമാത്മ ബ്രഹ്മ, പ്രജ്ഞാനാം ബ്രഹ്മ എന്നി മഹത് വാക്കുകൾ, ജീവാത്മാവിൽ നിന്നും പരമാത്മാവിലേക്കുള്ള പ്രയാണമാണ് നമ്മുടെ ശാസ്ത്രങ്ങൾ നമ്മെ പഠിപ്പിക്കുന്നത്.(3)

എപ്രകാരമാണോ കൂട്ടിൽ നിന്ന് അല്ലെങ്കിൽ തന്റെ യെജമാനന്റെ അടുത്ത് നിന്ന് പുറത്തേക്ക് പറന്നുപോയ കിളി ആഹ്ലാദിച്ച്, ഉല്ലസിച്ചു കൂട്ടിൽ യെജമാനന്റെ അടുത്ത് എത്തിചേരുന്നത് അതുപോലെ ജീവാത്മാവിന് പരമാതാവിലേക്ക് എത്തിചേരേണ്ടതുണ്ട്. ആത്മാവ് എവിടെ നിന്ന് വന്നോ അവിടെ  എത്തുമ്പോൾ മാത്രമേ മോക്ഷം ലഭിക്കുകയുള്ളു എന്ന് ശാസ്തങ്ങൾ ആവർത്തിച്ചു പറയുന്നു. അതുപോലെ പുരാണങ്ങളിൽ ആവർത്തിച്ചു പറയുന്ന മറ്റൊരു വാക്കാണ്, കാരണം കൂടാതെ ഒരു കാര്യം ഉണ്ടാവില്ല. പൂർണ്ണാവതാരമായി പിറവിയെടുത്ത ശ്രീ കൃഷ്ണന് വേടന്റെ അമ്പേറ്റ് സ്വർഗ്ഗാരോഹണം ഉണ്ടായി, എന്തുകൊണ്ടാണ് കൃഷ്ണൻ അത്‌ മറികടക്കാതിരുന്നത് എന്ന് ചിന്തിക്കുമ്പോൾ മനസ്സിലാക്കാം എല്ലാറ്റിനും ഒരു കാരണം ഉണ്ടായിരുന്നു. നമ്മുടെ ജന്മങ്ങൾക്കും ഓരോ കാരണങ്ങൾ ഉണ്ടാവും.(4)

ജീവാത്മാവിൽ നിന്നും പരമാത്മാവിലേക്കുള്ള പ്രയാണം അത്‌ എല്ലാവര്ക്കും ഒരു ജന്മം കൊണ്ട് സാധ്യമല്ല. എല്ലാവരും ഒരേ പോലെ ഉള്ളവർ അല്ല, ഓരോടുത്തരും മുൻ ജന്മങ്ങളിൽ ചെയ്ത് പാപപുണ്യങ്ങൾക്ക് അനുസൃതമായി വീണ്ടും പിറവിയെടുക്കുന്നു. (5)

ഒരു ഉദാഹരണ സഹിതം അത് വിവരിക്കാം ശ്രീലങ്കയിൽ ഉള്ള ഒരാൾക്ക് രാമേശ്വരത്തുനിന്നും ഒരു ബസ്സ്മുഖേന ശ്രീ കൈലാസത്തിലേക്ക് പോകണം പോകുന്ന വഴി അയാൾ തിരഞ്ഞെടുത്തതാവട്ടെ രാമേശ്വരം മുതൽ കേദാർനാഥ്‌വരെ നേർ രേഖയിൽ ഉള്ള 7 ക്ഷേത്രങ്ങൾ ദർശിച്ചു കൊണ്ടാണ് അയാൾ പോകുവാൻ ഉദേശിച്ചത്, അങ്ങനെ പോകുവാൻ ഉദ്ദേശിച്ച വ്യക്തി നിരവധി ബസ്സുകൾ മാറി കയറേണ്ടി വരും. ഇവിടെ വ്യക്തി നമ്മിലെ ജീവനും ഒരു ബസ്സിൽ നിന്നും അടുത്ത ബസ്സ് എന്നത് നമ്മുടെ ശരീരവും ആണ്. 7 ക്ഷേത്രങ്ങൾ, നമ്മളിലെ ഏഴ് പടികളെയും കരുതുക, കേവലം 100 ഓ, 80തോ വർഷം മാത്രമേ ഈ ശരീരത്തിൽ ജീവൻ നിലനിൽക്കുകയുള്ളൂ. ഒരു ജന്മം കൊണ്ട് നേടാൻ സാധ്യമാവുന്ന ഒന്നല്ല മോക്ഷം. ഒന്നുമുതൽ പത്തുവരെയുള്ള വിദ്യാഭ്യാസം നേടുമ്പോൾ, മുൻപ് പഠിച്ച അതെ വിഷയങ്ങൾ നമ്മൾ വീണ്ടും അടുത്ത വർഷം പഠിക്കാറില്ല, മുൻപ് നമ്മൾ പഠിച്ച പാഠങ്ങൾ നമ്മുടെ സ്മൃതിയിൽ ഉണ്ട് (6)

സ്മൃതി, നമ്മുടെ എല്ലാവരുടെയും അടുത്ത് സ്മാർട്ട് ഫോൺ ഉണ്ട്, pdf, img , വീഡിയോ എന്നിങ്ങനെ ഫയലുകൾ ഉണ്ട് നമ്മുടെ ഫോണിൽ, അവ എല്ലാം, നമ്മൾ ഒരു ഫോണിൽ നിന്നും മറ്റൊരു ഫോണിലേക്ക് മാറുമ്പോൾ, വളരെ ചെറിയ ഒരു കൊച്ചു മെമ്മറി കാർഡാണ് നമ്മൾ ഉപയോഗിക്കുന്നത്. അതുപോലെ ഒരു ശരീരത്തിൽ നിന്നും ജീവൻ വേർപെട്ടു പോകുമ്പോൾ, ഒരു ജന്മത്തിൽ നാം പഠിച്ചതും, നാം ചെയ്യ്തതുമായ കർമ്മങ്ങൾ ആത്മാവിൽ ലയിച്ചുകൊണ്ട് മറ്റൊരു ശരീരത്തിൽ പിറവിയെടുക്കുന്നു. മുൻപ് ചെയ്യ്ത്  നമ്മുടെ കർമ്മഫലം ആണ് നമ്മുടെ സന്തോഷങ്ങൾക്കും ദുരിതങ്ങൾക്കും  ഹേതുവാകുന്നത്. ശിക്ഷിക്കപ്പെട്ട കുറ്റവാളിയുടെ നല്ലനടപ്പ് നോക്കി ന്യായാധിപൻ ശിക്ഷയിൽ ഇളവ് നൽകാറുണ്ട്. അതുപോലെ മുൻപ് ചെയ്യ്തുപോയ പാപങ്ങൾ, നമ്മുടെ ഇനിയുള്ള സൽകർമ്മത്താൽ  ജഗദീശ്വരിയുടെ കൃപകൊണ്ട് നന്മവന്നു ചേരട്ടെ. നമ്മുടെ ആ പുതിയ ഫോണിൽ നമ്മുടെ ആ പഴയ മെമ്മറി കാർഡ് ഇടുമ്പോൾ അതിൽ എന്തൊക്കെ ഉണ്ട് എന്നും, ഓരോ ഫയലും ഉപയോഗിക്കുവാനും അറിയുവാനും സാധിക്കണമെങ്കിൽ അതിന്റെതായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യണം, അതുപോലെ നമ്മളെ നമുക്ക് തിരിച്ചറിയണമെങ്കിൽ, ഭക്തിയോടെ മന്ത്രങ്ങൾ , ഉപാസന, പ്രാണായാമം എന്നിങ്ങനെയുള്ള ആപ്പുകൾ എന്നപോലെ ഒരു ഗുരുവിന്റ നിർദേശത്തോട്കൂടി തങ്ങൾക്ക് അനുയോജ്യമായ വഴി തിരഞ്ഞെടുത്ത്  മനസ്സിനെ ഏകാഗ്രമാക്കികൊണ്ട് പ്രയത്നിക്കുക. (7)

എല്ലാവരുടെയും ആശയങ്ങൾ ഒരുപോലെ ആയിരിക്കില്ല, അച്ഛൻ അമ്മ മക്കൾ എന്നിങ്ങനെ ഒരു കുടക്കീഴിൽ ഒതുങ്ങുന്ന ഒരു കുടുംബം ആയാലും അവിടെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവും. ഒരാളുടെ ചിന്താഗതി പോലെ, മനസ്സുപോലെ, സ്വഭാവം പോലെ അല്ല, മറ്റുള്ളവരുടേത് എന്ന ബോധത്തോടെ നമ്മൾ മറ്റുള്ളവരെ മനസ്സിലാക്കുക.   

Adithya Bhaskar
12-04-2024




No comments